Monday, August 2, 2010

ഒരു മുറൈ വന്ത്

അമ്പലപ്പറമ്പില്‍ ചായയടിച്ചു മടുത്ത നായര്‍ക്ക് മദിരാശിയില്‍ പാരിസ് കോര്‍ണറിലെ 'പോറ്റീസ് ടീ ഷാപ്'ല്‍ നിന്നും ഒരു ഓഫര്‍ ലെറ്റര്‍. ഈ മട്ടിലാണ് ലീഡ്സ് എന്ന 'ചീള്' പട്ടണത്തില്‍ അല്ലറ ചില്ലറ തരികിട പണികളുമായി മുന്നോട്ടു പോയിരുന്ന എനിക്ക് ലണ്ടനില്‍ നിന്ന് ഒരു ജോലി വാഗ്ദാനം വന്നത്. നായര്‍ക്ക് സന്തോഷം കൊണ്ട് കണ്ണ് കാണാതെയായി.

പക്ഷെ ഒരു ചിന്ന 'പ്രച്നൈ'. ലണ്ടനില്‍ എവിടെ താമസിക്കും? തല്‍ക്കാലത്തേക്ക് ഒരു സ്ഥലം പെട്ടെന്ന് കണ്ടു പിടിച്ചേ പറ്റൂ എന്നതു കൊണ്ട് ലണ്ടന്‍ ഭൂപടത്തില്‍ മാത്രം കണ്ടു പരിചയമുള്ള 'ഓസ്റ്റര്‍ലി' എന്ന സ്ഥലത്ത് ഞാനൊരു റൂം പറഞ്ഞുറപ്പിച്ചു. സ്വന്തമായി കുളിമുറി, ഫ്രിഡ്ജ്‌, ടിവി - ദിവസ വാടക ഇത്തിരി കൂടുതലാണെങ്കിലും പ്രാതല്‍ കിട്ടിയില്ലെങ്കിലും ആനന്ദലബ്ധിക്കിനി എന്ത് വേണം?

പിറ്റേന്ന് മുതല്‍ കണ്ണില്‍ കണ്ടവരോടൊക്കെ തന്‍റെ ചായയുടെ മഹത്വം എളിമയോടെ വിളമ്പി ഒരു തിങ്കളാഴ്ച നായര്‍ ലണ്ടനില്‍ എത്തി. രാവിലെ നേരെ പോയത്‌ ഓഫീസിലേക്ക്. വൈകുന്നേരം ഇത്തിരി നേരത്തെ ഇറങ്ങി, ഒരു മണിക്കൂര്‍ നേരത്തെ തീ(യില്ലാ)വണ്ടി യാത്രക്ക് ശേഷം ഓസ്റ്റര്‍ലി എത്തി. ഒരു ചെറിയ സ്റ്റേഷന്‍, പുറത്തിറങ്ങിയാല്‍ മുമ്പില്‍ ഒരു ഹൈവേ. മാപ്പില്‍ കണ്ട ദിശയില്‍ വെച്ച്പിടിച്ചു ഒരു മുപ്പത്‌ മിനിട്ടോളം നടന്നാണ് 'ബ്രിഡ്ജ് ഹൌസ്' എന്ന എന്‍റെ താമസസ്ഥലത്ത് എത്തിയത്. എന്നും ഇങ്ങനെ അര മണിക്കൂര്‍ നടക്കേണം എന്ന് ആലോചിച്ചപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു.



പെട്ടിയും ലാപ്‌ടോപ്പും റൂമില്‍ വെച്ച് പുറത്തിറങ്ങിയപ്പോഴാണ് ബ്രിഡ്ജ് ഹൗസിന്‍റെ ഒരു കിടപ്പുവശം പിടികിട്ടിയത്. എന്‍റെ റൂമിന്‍റെ പിറകില്‍ ഒഴിഞ്ഞ ഒരു പറമ്പ്. പറമ്പിനപ്പുറം കുറ്റിക്കാടുകള്‍ മാത്രം. അതിനപ്പുറം വീടുകളൊന്നും ഉള്ള ഒരു ലക്ഷണവും കണ്ടില്ല. ഇതിന്‍റെ അപ്പുറം ഫ്രാന്‍സോ നെതര്‍ലാന്‍ത്സോ ആവും എന്ന് കരുതി ചോദിച്ചപ്പോള്‍ അറ്റന്‍റെര്‍ ഗുജറാത്തി പയ്യന്‍ എന്‍റെ അറിവില്ലായ്മയെ പരസ്യമായി ചോദ്യം ചെയ്തു.
"ഭാഗം ഭാഗ്" എന്ന ഹിന്ദി സിനിമ കണ്ടിട്ടില്ലേ?"
"ഇല്ല. പക്ഷെ അക്ഷയ്‌ കുമാര്‍.."
"അതെ അതെ. അതിലുള്ള വീടാണിത്."
"ഓഹോ..". രക്ഷപ്പെട്ടു. ബംഗ്ലൂര്‍ ടൈംസ് വായിച്ചിരുന്നത് കൊണ്ട് എനിക്കുണ്ടായ ഒരേ ഒരു നേട്ടം.

രണ്ടു മൂന്നു ദിവസം സുന്ദരമായി മുന്നോട്ടു പോയി. എന്നും ഒരു മണിക്കൂര്‍ നടക്കുന്നത് കൊണ്ട് എന്‍റെ ആരോഗ്യവും ഒന്ന് നന്നായി എന്ന് എനിക്ക് തോന്നിത്തുടങ്ങി.

ഒരു ദിവസം രാത്രി കിടന്നിട്ട് ഉറക്കം വരാതായപ്പോള്‍ ഞാന്‍ ടിവി ഒന്ന് വെച്ച് നോക്കി. ഇവിടുത്തെ പോലീസുകാര്‍ കള്ളന്മാരെയും കൊലപാതകികളെയും ഓടിച്ചിട്ട്‌ പിടിക്കുന്നത് കാണിക്കുന്ന ഒരു പരിപാടി. അത് കൊള്ളാം. നമ്മുടെ നാട്ടിലെന്താ ഇത് പോലെ ഒരു പരിപാടി ഇല്ലാത്തത് എന്ന് ഞാന്‍ മനസ്സില്‍ കരുതി. രഞ്ജിനി ഹരിദാസിന് തന്നെ അവതരിപ്പിക്കുകയും ചെയ്യാം. എന്തായാലും അപ്പുറത്തെ റൂമിലുള്ളവര്‍ക്ക് ശല്യം വേണ്ടെന്നു കരുതി ഞാന്‍ ടിവിയുടെ ശബ്ദം പറ്റെ കുറച്ചു. അല്ലെങ്കിലും വന്നു വന്നു ഇപ്പോള്‍ 'സ്റ്റാര്‍ സിങ്ങര്‍' നു പോലും ശബ്ദം വേണമെന്നില്ല എനിക്ക്.

ഒരു രണ്ടു മിനിറ്റായിക്കാണും. ഒരു നേര്‍ത്ത ശബ്ദം "ജിലും...ജിലും...ജിലും...ജിലും.."
ടിവിയില്‍ നിന്നല്ല എന്ന് ഉറപ്പാക്കാന്‍ ഞാന്‍ അതിന്‍റെ ശബ്ദം ഓഫ് ചെയ്തു...രണ്ടു മിനിറ്റ് നേരത്തെ നിശബ്ദതക്ക് ശേഷം അതാ വീണ്ടും "ജിലും ജിലും..ജിലും ജിലും."
ഭൂത പ്രേതങ്ങളില്‍ ഒന്നും വിശ്വാസം അത്ര ഇല്ലെങ്കിലും എനിക്ക് ലാലേട്ടനെയും, നാഗവല്ലിയെയും സൈക്കോസിസിനെയും ഒക്കെ ഓര്‍മ വന്നു. ഞാന്‍ വാതില്‍ പതുക്കെ തുറന്നു നോക്കി. വരാന്ത കാലി.

തിരിച്ചു വന്നു ജനല്‍ രണ്ടും അടച്ചു എന്ന് ഉറപ്പു വരുത്തി, ടിവിയുടെ ശബ്ദം ഇത്തിരി കൂട്ടി വെച്ച്, 'അര്‍ജുനന്‍ ഫല്‍ഗുനന്‍' അറിയാവുന്നിടത്തോളം ചൊല്ലി ഞാന്‍ കിടന്നുറങ്ങി.

പിറ്റേന്ന്‍ രാത്രിയും ഇത് ആവര്‍ത്തിച്ചപ്പോള്‍ എന്‍റെ ഉള്ളൊന്നു കാളി. ഇനി ഞാന്‍ കഴിഞ്ഞ ജന്മത്തില്‍ ഇന്നാട്ടിലെ പഴയ വല്ല രാജാവും ആയിരുന്നോ? വല്ല നാഗവല്ലിയെയും അറിയാതെ ദ്രോഹിച്ചോ? ഇന്ന്ദുര്‍ഗാഷ്ടമിയെങ്ങാനും ആണോ? നാളെ ഇതിനെക്കുറിച്ച്‌ പയ്യനോട് ചോദിച്ചിട്ട് തന്നെ കാര്യം. അന്നും ടിവിയുടെ ശബ്ദം കൂട്ടി വെച്ച് ഞാന്‍ ഉറങ്ങി.

പിറ്റേന്ന് ഓഫിസിലിരുന്ന് ആലോചിച്ചപ്പോള്‍ വീട് മാറുന്നതാണ് ബുദ്ധി എന്ന് എനിക്ക് തോന്നി. പിടിച്ച പിടിക്ക് ഒരു ഹോട്ടലില്‍ മുറിയും തരപ്പെടുത്തി. അന്ന് വൈകുന്നേരം റൂമിലെത്തി പയ്യനെ തിരക്കി ഇറങ്ങിയപ്പോഴാണ് അതാ അദ്നാന്‍ സാമിയുടെ ഫോട്ടോകോപ്പി പോലെ ഒരാള്‍.
പയ്യന്‍സ് പരിചയപ്പെടുത്തി.. "ഇത് മുതലാളി."
ഇല്ലാത്ത കഴുത്ത് തിരിച്ചു മുതലാളി എന്നെ നോക്കി ചിരിച്ചു. 'ഹലോ'.
'ഞാന്‍ നാളെക്കഴിഞ്ഞു സ്ഥലം വിടുകയാണ്.'
'അത് ശരി. ഇവിടം വിട്ടു പോകുകയാണോ?' മുതലാളിയുടെ മുഖത്ത്‌ ഷോപ്പിങ്ങിന് പോകേണ്ട എന്ന് കേട്ട നാഗവല്ലിയുടെ ഭാവം. സംസാരത്തിന് ഒരു 'വിടമാട്ടെന്‍' സ്വരം.
'അല്ല. ഞാനൊരു ഹോട്ടലില്‍..' എന്‍റെ ശബ്ദം ഇടറിയോ ആവോ
'അതെന്തിന്. വാടകയുടെ പ്രശ്നമാണോ? ഞാന്‍ കുറച്ചു തരാം. അവിടെ എത്രയാണ് വാടക?'
ഇത് എന്‍റെ 'രത്തത്തെ' നാഗവല്ലിക്ക് കുടിക്കാന്‍ ഉള്ള അടവ് തന്നെ. പിന്നെ എന്ത് നുണയാണ് ഞാന്‍ പറഞ്ഞതെന്ന് എനിക്ക് ഓര്‍മയില്ല.

അന്ന് രാത്രി കിടക്കുമ്പോള്‍ വാതിലും ജനലും ശരിക്ക് അടക്കാനും ടിവി വെക്കാനും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എനിക്ക് ഉറക്കം വന്നതേയില്ല. ഇടക്ക് ഞാന്‍ ടിവിയുടെ ശബ്ദം ഒന്ന് കുറച്ചു നോക്കി.. 'ജിലും ജിലും.. ജിലും ജിലും...' എന്‍റെ ഉള്ളൊന്നു കിടുത്തു. ഞാന്‍ ടിവിയുടെ ശബ്ദം കൂട്ടി വെച്ചു. അല്‍പ നേരം കഴിഞ്ഞു ശബ്ദം കുറച്ചപ്പോള്‍ അതാ വീണ്ടും 'ജിലും ജിലും..'
ഇന്ന് ദുര്‍ഗാഷ്ടമി തന്നെ. ഈ സ്ഥലം കാണിച്ചു തന്ന വെബ്‌ സൈറ്റിനെ മനസ്സാല്‍ ശപിച്ചു, തലവഴി തലയിണയിട്ട് ഞാന്‍ കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ വിജയശ്രീലാളിതനായി ഞാന്‍ പയ്യന്‍സിന്‍റെ മുന്നില്‍ ചെന്ന് നിന്നു. ബാക്കി കൊടുക്കാനുള്ള കാശു കൊടുക്കുന്നതിനിടയില്‍ എന്‍റെ തൊട്ടു പിന്നില്‍ നിന്നും അതാ ആ ശബ്ദം വീണ്ടും. 'ജിലും.. ജിലും ..' എന്‍റെ ശ്വാസം നിന്ന് പോയി. തൊട്ടു പിന്നാലെ തബലയും സിത്താറും വായിക്കുന്ന സ്വരം. പിന്നില്‍ 'രാമനാഥനെ' പ്രതീക്ഷിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ അതാ മേശപ്പുറത്ത് പയ്യന്‍സിന്‍റെ മൊബൈല്‍ ചിലക്കുന്നു. തട്ട് പൊളിപ്പന്‍ ഗുജറാത്തി റിംഗ് ടോണ്‍.

'സാര്‍ രാത്രി ടിവി ഓഫാക്കാന്‍ മറക്കും അല്ലെ.' പയ്യന്‍സ് നിഷ്കളങ്കമായി ചോദിച്ചു.
'അതെ.' ഒരു ഇളിഭ്യച്ചിരി ചിരിച്ചു ഞാന്‍ പറഞ്ഞു.
'മണിച്ചിത്രത്താഴിന്' ഗുജറാത്തിയില്‍ റീമേയ്ക്ക് ഉണ്ടോ ആവോ.

No comments: