Tuesday, February 16, 2010

കള്ളന്‍ ഷംസു

"അമ്മമ്മയല്ലേ പറഞ്ഞത്‌ ഷംസു കള്ളനാണെന്ന്. പിന്നെന്തിനാ ഇന്നും മീന്‍ വാങ്ങണത്?"

പൊതിഞ്ഞു കൊടുത്തതില്‍ നിന്നും ഒരു മീന്‍ താഴെ കാത്തുനിന്ന പൂച്ചയുടെ തലയില്‍ തന്നെ വീണു. ഷംസു ഒരു ഇളിഭ്യചിരിയോടെ പിന്നില്‍ നിന്ന അപ്പുവിനെ നോക്കി. ഉത്തരം കിട്ടാത്ത ചോദ്യവുമായി അപ്പു അമ്മമ്മയുടെ മുഖത്തേക്കും.

ധൃതിപ്പെട്ട് സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്നും ഇറക്കുമ്പോള്‍ ഷംസു പതുക്കെ പറഞ്ഞു "കായി നാളെ തന്നാ മതി".

"ഇന്നലെ മീന്‍ ഇത്തിരി മോശായാതോണ്ടാല്ലേ അമ്മമ്മ അങ്ങനെ പറഞ്ഞത്. ഷംസു കള്ളനൊന്നും അല്ലാട്ടോ. ഇനി അങ്ങനെയൊന്നും പറയരുത്". ചമ്മലൊതുക്കിക്കൊണ്ട് അമ്മമ്മ അപ്പുവിനോടു പറഞ്ഞു.

പിറ്റേന്നും ഗേറ്റിനടുത്ത്അപ്പു നില്‍ക്കുന്നത് കണ്ട ഷംസുവിന്‍റെ സൈക്കിളിന്‍റെ സ്പീഡിത്തിരി കുറഞ്ഞു. മീന്‍ പൊതിഞ്ഞു കൊടുക്കുമ്പോള്‍ ഷംസു പതുക്കെ അപ്പുവിന്‍റെ മുഖത്തേക്ക് നോക്കി.
"ഷംസു കള്ളനൊന്നും അല്ലാന്നു പറയാന്‍ പറഞ്ഞു."
വലിയൊരു തെറ്റ് തിരുത്തിയ സന്തോഷത്തോടെ അപ്പു തിരിഞ്ഞു ഉമ്മറത്തേക്ക് നടന്നു.

3 comments:

രഞ്ജിത് വിശ്വം I ranji said...

കുഞ്ഞു മനസ്സ്.. കഥ നന്നായി

Soumya said...

jivichirippundo... snathosham :D... Katha nannayitundu... Ini kurachu UK kathakalum pratheekshikkunnu :D

ദീപക് -:-Deepak said...

നന്ദി രഞ്ജിത്ത്.

ജീവിച്ചിരിപ്പുണ്ട്..ഇടയ്ക്കു ഇങ്ങനെ ഒഴിഞ്ഞിരിക്കുമ്പോഴേ ഞാനാവാന്‍ പറ്റുന്നുള്ളൂ..യു കെ കഥകളുണ്ട് പറയാന്‍. പറയാം.