Monday, April 2, 2007

സ്ളേറ്റുപെന്‍സിലും വെള്ളത്തണ്ടും

"ഈ ആഴ്ച തന്നെ പോയാലെന്താ", ഫോണില്‍ അമ്മപ്പെന്‍സിലിന്‍റെ സ്വരം മാറുന്നതു കണ്ട് സ്ലേറ്റുപെന്‍സില്‍ അടുത്ത അടവെടുക്കാന്‍ തുടങ്ങുകയായിരുന്നു. "ഇങ്ങോട്ടു അടുത്ത ആഴ്ച വന്നാല്‍ മതി. വെള്ളിയാഴ്ച വന്നാല്‍ എന്റെ റിട്ടയര്‍മെന്‍റ് പാര്‍ട്ടിക്കും കൂടാം". വിധി വന്നു, ഇനി അപ്പീല്‍ ഇല്ല.

അങ്ങനെ ഇല്ലാത്ത ടിക്കറ്റ് "ഫ്രണ്ട്സ്" ട്രാവല്‍സിലെ ദാസേട്ടന്‍റെ കാലു പിടിച്ചു ഒപ്പിച്ച് സ്ലേറ്റ് പെന്‍സില്‍ തിരുവന്തോരത്തെക്കു വെച്ചു പിടിച്ചു. വെള്ളത്തണ്ടിന്റെ ഫോട്ടൊ കണ്ടപ്പൊള്‍ ഇഷ്ടമായെങ്കിലും ഒരു പെണ്ണുകാണല്‍ ഇത്ര പെട്ടന്നു വേണ്ടി വരുമെന്നു കരുതിയില്ല. ലാല്‍ ബാഗിലെ പൂമരച്ചോട്ടില്‍ ചാഞ്ഞും ചാരിയും ഒക്കെ എടുത്ത ഫോട്ടൊ കൊടുത്തപ്പൊഴുണ്ടായ ധൈര്യം എവിടെപ്പൊയോ ആവോ. ലവളിങ്ങനെ പെട്ടെന്നു "നേരിട്ടു കാണണം" എന്നു പറയുമെന്നു ആരു കരുതി?

"ഏട്ടാ ഞാനും വരട്ടെ? അമ്മയോടൊന്നു പറയുമൊ", ആകെയുള്ള പെങ്ങള്‍ കുഞ്ഞിപ്പെന്‍സില്‍ ചോദിച്ചപ്പോള്‍ വേണ്ടാന്നു പറയാന്‍ തോന്നിയില്ല സ്ളേറ്റു പെന്‍സിലിന്. ക്ലാസ്സില്‍ ഒപ്പം പഠിച്ച കട്ടുറുമ്പിനോടു ഒരു റൂം ബുക്കു ചെയ്യാനും ഒരു ധൈര്യത്തിനു ഒപ്പം വരാനും പറഞ്ഞതോടെയാണു ഒരു വിധം സമാധാനമായതു. മൂന്നാളില്ലേ, എന്തു പേടിക്കാന്‍? തനിക്കു തൊണ്ട വരളുമ്പോള്‍ ആര്‍ക്കെങ്കിലും ഒരു ചോദ്യം ഉണ്ടാവുമല്ലൊ!

അങ്ങനെ കവടിയാറിലെ സിന്ദൂരി പാലസ്സില്‍ 5 മിനുട്ടു വൈകി മൂവര്‍ സംഘം എത്തിയപ്പോള്‍ ദാ ഇരിക്കുന്നു വെള്ളത്തണ്ടു ഒറ്റക്കു. "ഹമ്പടി കേമീ, ഇവരെ ഒക്കെ കൂടെ കൂട്ടിയതു എന്‍റെ ഭാഗ്യം" സ്ളേറ്റുപെന്‍സില്‍ മനസ്സില്‍ പറഞ്ഞു.
"ഇതു ഞാന്‍, ഇതെന്‍റെ ഒരേയൊരു പെങ്ങള്‍ പിന്നെ ഇതെന്‍റെ ചങ്ങായി"
"ഞാന്‍ തന്നെ ഞാന്‍", എന്നു വെള്ളത്തണ്ടു്‌.
അതോടെ ചൊദിക്കാന്‍ വന്ന ചോദ്യങ്ങള്‍ ഒക്കെ സ്ളേറ്റുപെന്‍സില്‍ മറന്നു.

പിന്നെ ഒരു മണിക്കൂര്‍ നീണ്ട ഒരു ഇന്റര്‍വ്യു. "സുകുമാര കലകളിലുള്ള പ്രാവീണ്യം.. യാത്രകള്‍.. ജോലി.. വീട്ടുകാര്‍.. കൂട്ടുകാര്‍.. കുന്തം.. കൊടചക്രം.." സ്ളേറ്റുപെന്‍സില്‍ ചോദ്യങ്ങള്‍ തിരയുമ്പൊള്‍ കുഞ്ഞിപ്പെന്‍സില്‍ ഇടപെട്ടു.. "പാചകം.. സാരികള്‍.. സെന്റുകുപ്പി.. പരദൂഷണപ്രാവീണ്യം"..എല്ലാത്തിനും പഠിച്ചു വന്നതു പോലെ വെള്ളത്തണ്ടു ഉത്തരം പറഞ്ഞു. കട്ടുറുമ്പു മാത്രം ഒന്നും മിണ്ടാതെ നോട്ട്സെഴുതിക്കൊണ്ടിരുന്നു. അല്ല, ഇതൊക്കെ പിന്നീടു പ്രയോഗിക്കാമല്ലോ.

ആകെമൊത്തം സ്ളേറ്റുപെന്‍സിലിനു വെള്ളത്തണ്ടിനെ ക്ഷ പിടിച്ചു. ചടപടാന്നുള്ള ഉത്തരങ്ങളും, കണ്ണിറുക്കിക്കൊണ്ടുള്ള "ഇല്ല" ന്നു പറച്ചിലും, ഉണ്ടക്കണ്ണും ആകെ മൊത്തത്തിലുള്ള ഐശ്വര്യവും. വൈകുന്നേരത്തോടെ വെള്ളത്തണ്ടിന്റെ വീട്ടില്‍ നിന്നും ന്യൂസ് വന്നു. "സ്ളേറ്റുപെന്‍സില്‍ തരക്കേടില്ല". അങ്ങനെ സ്ളേറ്റുപെന്‍സില്‍ ആദ്യമായിട്ടു കണ്ട പെണ്ണുകാണല്‍ അവസാനത്തെതുമായ മട്ടാണു. ഇനി വല്യ പെന്‍സിലുകള്‍ ഒക്കെക്കൂടി വെള്ളത്തണ്ടിന്റെ വീട്ടില്‍ പോണം.. അവരൊക്കെ പ്രതികാരത്തിനു ഇങ്ങൊട്ടും..

കാത്തിരിക്കുകയാണു സ്ളേറ്റുപെന്‍സില്‍.

6 comments:

Kalesh Kumar said...

നന്നായിട്ടുണ്ട്!

അവതരണ ശൈലിയും കൊള്ളാം.

കെവിൻ & സിജി said...

അപ്പോ ഈ കഥയില്‍ മഷിത്തണ്ടില്ലേ സ്ലേറ്റു പെന്‍സിലേ?

Sushen :: സുഷേണന്‍ said...

നല്ല കഥ. ഇഷ്ടപ്പെട്ടു.

ദീപക് -:-Deepak said...

കെവിന്‍/സിജി: മഷിത്തണ്ടുകളെപ്പറ്റി മിണ്ടരുതു. ഇതു വായിക്കൂ. എന്റെ മുട്ടിടിക്കുന്നതു ഇനിയും മാറിയിട്ടില്ല.

കലേഷെ, സുഷേണാ: നന്ദി. ഇത്ര പേരിതു വായിക്കും എന്നു ഞാന്‍ കരുതിയില്ല. സത്യം പറഞ്ഞാല്‍ എന്റെ സുഹ്രുദ് വലയത്തിനു വായിക്കാന്‍ എഴുതിയതായിരുന്നു. വലയത്തിന്റെ വലിപ്പം കൂടിയതില്‍ സന്തോഷമുണ്ടു.

Satheesh said...

വളരെ ഇഷ്ടമായി ഈ അവതരണം..

ദൃശ്യന്‍ said...

ദീപക്കേ,

സ്ലേറ്റ്പെന്‍സിലും മഷിത്തണ്ടും കൊള്ളാം-പരസ്പരപൂരകങ്ങളാണല്ലോ രണ്ടും!

സ്ലേറ്റ്പെന്‍സിലിന്‍‌റ്റെ കുറിപ്പുകളെല്ലാം മഷിത്തണ്ട് പാടെ മായ്ച്ചു കളയില്ല എന്ന് പ്രതീക്ഷിക്കുന്നു. :-)

കഥയുടെ അവതരണരീതി തെല്ലൊന്ന് മാറ്റിയാല്‍ തിളക്കം കൂടുമായിരുന്നു. അടുത്ത പോസ്റ്റില്‍ ഒന്ന് ശ്രദ്ധിക്കുമല്ലോ?

സസ്നേഹം
ദൃശ്യന്‍