Monday, February 5, 2007

കുളാണ്ടര്‍മാര്‍ ഊട്ടിയില്‍!

പുതിയ വര്‍ഷം പിറന്നതു ആഘോഷിക്കാന്‍ ഞങ്ങള്‍ ഒരു പരിപാടിയിട്ടു. ഊട്ടിപ്പരിപാടി (ശരിക്കും പറഞ്ഞാല്‍ മൈസൂര്‍ പരിപാടി) ഉഷാറായതിന്റെ പേരില്‍ ഞങ്ങളെ നേരിട്ടു കണ്ടും അല്ലാതെയും അഭിനന്ദിക്കാന്‍ പരിപാടിയിട്ടിരുന്ന എല്ലാവരും ഒന്നടങ്ങ്. കഥ മുഴുവന്‍ കേട്ടു, കൈയടിച്ചു വിസിലടിച്ചു പാസ്സാക്കിയതിനു ശേഷം ഫാന്‍ ക്ലബ്ബു തുടങ്ങാം .

മൈസൂരിലേക്കു വിട്ട വണ്ടി ഒരു പുത്തന്‍ ഐഡിയ എല്ലാവരും മുക്തകണ്ഠേന (ആ പ്രയോഗം കൊള്ളാം! എന്നെ സമ്മതിക്കണം )അംഗീകരിച്ചതു കാരണം മൈസൂരില്‍ നിന്നതു 15 മിനുട്ടു മാത്രം. ഓരോ ചായ, ഓരോ പഴം, ഓരോ കോലുമുട്ടായി എന്നിവ കഴിക്കാനും രാജാവു കൂര്‍ക്കം വലിക്കുന്ന നേരത്തു പാലസ്സിന്റെ മുമ്പില്‍ നിന്നു ഫോട്ടം പിടിക്കാനും അതില്‍ കൂടുതല്‍ നേരം വേണ്ടല്ലൊ. പുത്തന്‍ പ്ളാന്‍ പ്രകാരം വണ്ടി നേരെ ഊട്ടിയിലേക്കു..



മൈസൂരില്‍ പോയില്ലെന്നു പറയരുതു


ഗുണ്ടല്‍പേട്ടു്‌ കഴിഞ്ഞാല്‍ പിന്നെ നാഷണല്‍ ഹൈവേ 001 ആയി. വണ്ടിക്കകത്തു ഫുട്ട്ബോള്‍ കളിച്ചു കളിച്ചു കിട്ടിയ ഗോളുകള്‍ എണ്ണിത്തീര്‍ന്നപ്പോഴെക്കും മസിനഗുഡി എത്തി. ഒരു വിധം ചെക്ക്പോസ്റ്റില്‍ എത്തിയപ്പൊള്‍ സമയം രാത്രി 1 മണി. എന്തിനോ അടച്ച അതു തുറക്കണമെങ്കില്‍ രാവിലെ 6 മണി ആകുമത്രെ. ക്യു നിന്ന ഒരു ടെമ്പൊ ട്റാവല്ലെറില്‍ ചാരിനിന്ന ഒരു പയ്യനോട് ഒരു സീനിയര്‍ സൊഫ്റ്റുവെയര്‍ എഞ്ജിനീയര്‍ ചോദിച്ചു, "പയ്യന്‍സ്, ഈ ഗൂഡല്ലൂര്‍ റൂട്ട് എങ്ങനെ?". സൊഫ്റ്റുവെയര്‍ എഞ്ജിനീയര്‍മാരുടെ വില മനസ്സിലായതുകൊണ്ടാവും അവന്‍ പറഞ്ഞു, "വളരെ മോശമാണ്. ഒരു 70 കി മീ കാണും." പ്റൊജെട് ലീഡിനെ വിശ്വസിക്കാത്ത വര്‍ഗ്ഗത്തില്‍ പെട്ടവരായതുകൊണ്ട് പോസ്റ്റില്‍ നിന്ന പൊലീസുകാരനോടു ചോദിച്ചു, "സാറെ, സാറെ ഈ ഗൂഡല്ലൂര്‍ റൂട്ട് എങ്ങനെ?". "കുഴപ്പമില്ലാങ്കള്‍", എന്ന മറുപടി കേട്ടതുപാതി കേള്‍ക്കാത്തതുപാതി, പയ്യന്‍സിനു ഒരു സ്റ്റാന്‍ഡാര്‍ഡ് പുച്ചം ഇട്ടു കൊടുത്തു ഞങ്ങള്‍ വണ്ടി തിരിച്ചു.

ഈ മസിനഗുഡി എന്ന സ്ഥലം കാടിനകത്തായതു കൊണ്ടും ടി സ്ഥലം കാട്ടുജീവികള്‍ക്കു പതിച്ചുകൊടുത്തതായതു കൊണ്ടും വഴിയില്‍ പാവം രണ്ടു ആനകളെ കണ്ടു. അതു വരെ കാറിനകതു വേള്‍ഡു കപ്പു കളിച്ചിരുന്ന റൊണള്‍ഡോക്ക്യും ടീമിനും അതോടെ ഇന്റെര്‍വെല്‍ ആയി. ആരൊ അടുത്ത പത്തു മിനുറ്റ് നേരത്തെക്കു കൂര്‍ക്കം വലിച്ചു. പിന്നീടു കണ്ട ഒരു മാനിന്റെ അടുത്തു നിര്‍ത്താതിരിക്കാന്‍ ഒരു കാരണവും ഒരാള്‍ കണ്ടുപിടിച്ചു. "അതിനെ നമ്പാന്‍ പറ്റില്ല. പിന്നില്‍ വല്ല പുലിയും കാണും.". പാവം മാന്‍. പാവം പുലി. പിന്നെയും മുന്നോട്ടുപോയ ഞങ്ങള്‍ കീരി, മുള്ളന്‍പന്നി മുതലായ ഉഗ്രജീവികളെ കണ്ട കാര്യം എടുത്തുപറയുന്നില്ല.

ഗൂഡല്ലൂര്‍ മുതല്‍ ഊട്ടി വരെ ഞങ്ങള്‍ സഞ്ചരിച്ച റോഡിന്റെ മാഹാത്മ്യം ഇവിടെ പറഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ യാത്രയെപ്പറ്റി ഒന്നും പറയാത്തതിനു തുല്യമാവും. പലപല വലുപ്പത്തില്‍, ഊഹിക്കാനേ പറ്റാത്ത ആഴത്തില്‍ കുഴികള്‍ നിരന്നിരുന്ന ആ റോഡ് ഒരു പക്ഷെ ഊട്ടി കണ്ടു പിടിച്ച കാലത്തു നിര്‍മിച്ചതാവണം. ഇടക്കിടക്ക് വണ്ടിയുടെ അടി ഭാഗം തട്ടുന്ന ശബ്ദത്തില്‍ വണ്ടിമുതലാളി ആനന്ദിന്റെ ഹ്റുദയം തകരുന്ന ശബ്ദം മുങ്ങിപ്പോയി. എകദേശം 50 കി മീ ഇരുന്നു കുലുങ്ങാന്‍ 4 മണിക്കൂര്‍ എടുത്തു എന്നു പറഞ്ഞാല്‍ അതിന്റെ ഒരു ഇതു പിടികിട്ടുമല്ലൊ!. എങ്കിലും ഞങ്ങള്‍ മുന്നോട്ടു തന്നെ പോയി. മസിനഗുഡിയില്‍ വെച്ചു ഞങ്ങള്‍ പുച്ക്ഛിച്ച ആ പയ്യന്‍സ് ഇപ്പോള്‍ തലയറഞ്ഞു ചിരിക്കുന്നുണ്ടാവും എന്നു ആലൊചിച്ചപ്പൊള്‍ ഞങ്ങള്‍ പരസ്പരം ഒരു സ്റ്റാന്‍ഡാര്‍ഡ് പുച്ഛം ഇട്ടു കൊടുത്തു. ഊട്ടിയെത്തിയപ്പൊള്‍ മണി 6 അര. ആനന്ദിന്റെ സുഹ്രുത്തു വിനീഷിന്റെ ഹോട്ടലില്‍ ഞങ്ങളുടെ റൂം റെഡി ആയിരുന്നു. ഒരു മണിക്കൂര്‍ ഉറങ്ങാന്‍ ഞങ്ങള്‍ ഒരു കുളാണ്ടര്‍ പ്ലാനിട്ടു.

ഉറങ്ങി എഴുന്നേറ്റു ക്റുത്യം 9 മണിക്കു റിസെപ്ഷനില്‍ ഹാജരായി ഞങ്ങള്‍ ആദ്യത്തെ ലക്ഷ്യം പ്രഖ്യാപിച്ചു - "പൈക്കാറ വെള്ളച്ചാട്ടം". റിസെപ്ഷനില്‍ നിന്ന ചേട്ടന്‍ വഴി പരഞ്ഞു തന്നു - "നിങ്ങള്‍ വന്ന വഴിയെ തന്നെ ഒരു 21 കി മീ പോയാല്‍ മതി". കടന്നു വന്ന കുഴികളെ മനസ്സില്‍ ധ്യാനിച്ചു ഞങ്ങള്‍ ആദ്യത്തെ ലക്ഷ്യം വീണ്ടും പ്രഖ്യാപിച്ചു - "ബോട്ടിങ്ങ്".



ഊട്ടിയില്‍ തണുത്തു വിറച്ചു...


30 മിനുട്ടു ബോട്ടിങ്ങോടെ ഞങ്ങളുടെ അന്നത്തെ പരിപാടികള്‍ക്കു ഞങ്ങള്‍ കര്‍ട്ടനിട്ടു. നേരത്തെ തിരിച്ചാല്‍ മസിനഗുഡി വഴി തിരിച്ചു പോരാം എന്നൊരു കാരണം കണ്ടുപിടിച്ചു, വേഗം ഊണും കഴിച്ച് രണ്ടര മണിയോടെ ഞങ്ങള്‍ തിരിച്ചു പോന്നു. കുജന്‍ രാഹുവിന്റെ വീട്ടിലും കേതു ന്യുഇയര്‍ ആഘോഷിക്കാന്‍ എതോ പബ്ബിലും പോയതു കൊണ്ടു മസിനഗുഡി റൂട്ട് അന്നു തുറക്കില്ലെന്നു വഴിയെ ഞങ്ങള്‍ മനസ്സിലാക്കി. കലൈഞര്‍ കരുണാനിധി മുതല്‍ താഴോട്ടു എല്ലാ അവന്മാരെയും പ്രാകിക്കൊണ്ടു, മുമ്പു പരിചയപ്പെട്ട കുഴികളെല്ലാം താണ്ടി എപ്പൊഴൊ ഗുണ്ടല്‍പേട്ട് എത്തി. വഴിക്കു കാട്ടില്‍ വെച്ചു കണ്ട ഒരു ആനയെ ഞങ്ങള്‍ വെറുതെ വിട്ടു.



വഴിക്കു 'കാമത്തില്‍' (തെറ്റിധ്ധരിക്കരുത്, കാമത്ത് റെസ്റ്റൊറന്റ് ആണു ഉദ്ദെശിച്ചതു) ഇറങ്ങി ഡിന്നര്‍ കഴിച്ചതു ഒഴിച്ചാല്‍ പറയത്തക്ക പ്രത്യേകിച്ചു ഒന്നും സംഭവിച്ചില്ല. പുതു വര്‍ഷം കാറിനകത്തു, കൂര്‍ക്കം വലിച്ചു കൊണ്ടു ആഘൊഷിച്ചതു ഈ വര്‍ഷം ഞങ്ങള്‍ മാത്രമാണു. അതിനിടക്ക് ഓരൊ അരസികന്മാര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു "ഹാപ്പി ന്യു ഇയര്‍" എന്നും പറഞ്ഞു ഈ ആഘൊഷത്തിന്റെ രസം കളഞ്ഞു കൊണ്ടിരുന്നു.

അങ്ങനെ ഒരു വിധം ന്യു ഇയര്‍ ആയി. ഈ കഥയുടെ അവസാനത്തില്‍ നിങ്ങള്‍ ബൊറടിച്ചു കാണുമെങ്കിലും കുളാണ്ടര്‍മാരായ ഞങ്ങള്‍ക്കു ഇതൊന്നും പുത്തരിയല്ല. നവകുളാണ്ടര്‍ ആനന്ദു പോലും പ്രശംസനീയമായ പ്രകടനമാണു കാഴ്ച് വെച്ചതു.



ഫോട്ടങ്ങള്‍ കാണേണ്ടവര്‍ക്കു ഈ ലിങ്ക് നോക്കാം:

കുളാണ്ടര്‍മാര്‍ ഊട്ടിയില്‍!!

1 comment:

അരവിന്ദ് :: aravind said...

ഹഹ :-)
കൊള്ളാം ദീപക്കേ :-)

ബൂലോഗം കൂട്ടായ്മയില്‍ ചേര്‍ന്നോളൂ..കമന്റുകള്‍ എല്ലാവരും വായിക്കും ..പോസ്റ്റും.
കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ..

http://www.boologaclub.blogspot.com