സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഒരു ജോലി നോക്കിയിരുന്നു വടി പിടിക്കുമോ എന്ന് സംശയം തോന്നി തുടങ്ങിയപ്പോഴാണ് ഒരു വാഗ്ദാനവുമായി ടാറ്റായുടെ വരവ്. ഉടമ്പടി ഒക്കെ ഒപ്പിട്ടു കഴിഞ്ഞു നോക്കിയപ്പോള്‍ ജോലിക്ക് കേറാന്‍ ഇനി നാലേ നാല് ദിവസം ബാക്കി. അതും പ്രീമിയര്‍ ലീഗ് കാണുമ്പോള്‍ ടിവിയില്‍ കണ്ടു മാത്രം പരിചയമുള്ള ലീഡ്സ് എന്ന പട്ടണത്തില്‍. പത്തു നൂറ്റി ഇരുപതു മൈല്‍ അകലെയുള്ള അവിടെ പോയി എവിടെ തല ചായ്ക്കും എന്നതായി അടുത്ത ചിന്ത. പോയേ പറ്റൂ.
വ്യാഴാഴ്ച ഇന്റര്‍നെറ്റ് മുഴുവന്‍ പരതി നാല് വീട് കണ്ടു വെച്ചു. വാടക ഏറ്റവും കുറഞ്ഞ വീടിന്‍റെ മുതലാളിച്ചി സൂസിയേ തന്നെ ആദ്യം ഫോണില്‍ വിളിച്ചു.
"ഞാനിപ്പോള്‍ ലണ്ടനില്‍ ആണ്. താങ്കള്‍ക്ക് ജേക്കബിനെയോ 'ഹു'വിനെ യോ ഫോണില്‍ വിളിച്ചാല്‍ വീട് പോയി കാണാം." എന്നായി സൂസി. "'ഹു' ഹു?" എന്ന് ആങ്കലേയത്തില്‍ ഞാന്‍. "രണ്ടു പേരും ഇപ്പോഴവിടെ ഉള്ള വാടകക്കാര്‍ ആണ്. ജേക്കബ് ജോലി ചെയ്യുന്നു. ഹു ലീഡ്സ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയും. ഫോണ്‍ നമ്പറുകള്‍ ഞാന്‍ അയച്ചു തരാം."
നമ്പര്‍ കിട്ടിയപ്പോള്‍ ഉടനെതന്നെ ഞാന്‍ 'ഹു'വിനെ വിളിച്ചു. പകല്‍ സമയത്ത് അവരേ ഫോണ്‍ എടുക്കു എന്നതായിരുന്നു എന്‍റെ യുക്തി. 'ഹു'വിനു എന്‍റെ യുക്തിയെപ്പറ്റി അറിവില്ലാത്തതിനാലാവണ, ആരും ഫോണ്‍ എടുത്തില്ല. ജേക്കബിനെ വിളിച്ചപ്പോള്‍ ഉടനെ തന്നെ കിട്ടുകയും ചെയ്തു. ഞാനാരാണെന്നു പറഞ്ഞു എന്‍റെ ആവശ്യം അറിയിച്ചപ്പോള്‍ ജേക്കബിന്‍റെ മറുപടി ഞാന്‍ പ്രതീക്ഷിക്കാത്തതായിരുന്നു.
"താങ്കള്‍ക്ക് പറ്റിയ സ്ഥലമല്ല ഇത്. ഇവിടെ താമസിക്കുന്നവരുടെ കള്ളുകുടിയും ബഹളവും താങ്കളെപ്പോലുള്ള 'പ്രൊഫെഷണല്‍' ആളുകള്‍ക്ക് പറ്റില്ല. വിദ്യാര്‍ഥികളുടെ രീതികള്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടാവും"
ആ സ്വരത്തില്‍ ഇത്തിരി ദേഷ്യം കൂടി ഉണ്ടെന്നു തോന്നിയപ്പോള്‍, എന്‍റെ മനസ്സില്‍ ജേക്കബിന്‍റെ ചിത്രം ഇത്തിരികൂടി വ്യക്തമായി. സഹമുറിയന്മാരെക്കൊണ്ട് ഗതി കേട്ട ഒരു 'പ്രൊഫെഷണല്‍'. 'ഹു' എന്ന തന്തോന്നിയുടെ വേലത്തരങ്ങള്‍ സഹിച്ച് കഴിയുന്ന ഒരു പാവം ലീഡ്സ് പൌരന്‍. ഒരു സഹജീവിക്കു തന്‍റെ ഗതി വരരുത് എന്ന് ആഗ്രഹിക്കുന്ന, നന്മ നിറഞ്ഞ, ഒരാള്‍. 'ഹു'വിനെ വിളിച്ചപ്പോള്‍ കിട്ടാഞ്ഞത് നന്നായി എന്ന് മനസ്സില്‍ കരുതി.
എങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു വീട് കണ്ടു പിടിക്കാനുള്ള ബദ്ധപ്പാടോര്‍ത്തു ഞാന്‍ ചോദിച്ചു.."അവര്‍ നമ്മുടെ നേരെ എന്തെകിലും?".
"ഏയ് ഇല്ല. കള്ളുകുടിയും ബഹളവും ഉണ്ടെന്നു മാത്രം. അതും വാരാന്ത്യങ്ങളില്‍". ശനിയാഴ്ച രാവിലെ കാണാമെന്ന് ജേക്കബിനോട് പറഞ്ഞു ഉറപ്പിച്ചു ഞാന്‍ ഫോണ്‍ വെച്ചു.
ശനിയാഴ്ച രാവിലെ നാഷണല്‍ റെയില്‍-ന്‍റെ കഴുത്തറപ്പന്‍ ടിക്കറ്റ് എടുത്തു ലീഡ്സ്-ലേക്ക് പോകുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു - വീട് കണ്ടു പിടിക്കാന്‍ രണ്ടാമതൊരു വരവില്ല. ഇത്തിരി ബഹളമൊക്കെ ഉണ്ടെങ്കിലും കുറച്ചു നാളേക്ക് സഹിക്കുക തന്നെ. പിന്നീട് വേറൊന്നു നോക്കാം. ലീഡ്സ്-ല്‍ എത്താന്‍ വൈകിയത് കൊണ്ടു, എത്തിയ ഉടനെ ഒരു ടാക്സി വിളിച്ചു ഞാന്‍ ജേക്കബ് പറഞ്ഞു തന്ന വിലാസത്തില്‍ എത്തി.
ടാക്സിയില്‍ നിന്നും ഇറങ്ങിയതും എനിക്ക് ഞാന്‍ വന്നു പെട്ട എടാകൂടത്തിന്‍റെ ഒരു ഏകദേശരൂപം പിടികിട്ടി. മുറ്റം നിറയെ തലങ്ങും വിലങ്ങും ഇഷ്ടികകള്‍.. അങ്ങിങ്ങായി വേസ്റ്റ് ബാഗുകളുടെ അലങ്കാരം.. നടുക്കായി ഓണത്തിന് തൃക്കാക്കരയപ്പനെ വെച്ച പോലെ നനഞ്ഞ വിറകുകളും ചാരവും. "ഭായി.. ഇത് തന്നെ അല്ലെ അഡ്രെസ്സ്?" എന്ന് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ പാകിസ്ഥാനിയുടെ മുഖത്ത് ഒരു അദ്ഭുത ജീവിയെ കണ്ട ഭാവം.
ഞാന്‍ ഫോണില്‍ ജേക്കബിനെ വിളിച്ചു. "എത്തിയോ? ഞാനിതാ വരുന്നു". അപ്പോള്‍ വീട് ഇത് തന്നെ. അടുത്ത അഞ്ചു നിമിഷം ഞാന്‍ ചിന്തിച്ചു കൂട്ടിയ അത്രയും, കുരുക്ഷേത്ര യുദ്ധാവസാനത്തില്‍ ദുര്യോധനന്‍ പോലും ചിന്തിച്ചു കാണില്ല. അത്രയും ചിന്തകളുടെ ചുരുക്കം "എങ്ങനെ രക്ഷപ്പെടും" എന്നായിരുന്നു. എന്തായാലും വന്നില്ലേ, ഇനി വരുന്നത് വരുന്നിടത്തു വെച്ച് കാണാം . ഒരു 'യുഘം' കഴിഞ്ഞു കാണണം, വീടിന്‍റെ വാതില്‍ തുറന്നു.
കയ്യില്‍ ഒരു പച്ച കോഴിമുട്ടയുമായി സായിപ്പും കാപ്പിരിയുമല്ലാത്ത ഒരു ഇരുപതുകാരന്‍. ഇരു നിറം. ചകിരി മുടി. നിറഞ്ഞ ചിരി. "ജേക്കബ്?" "അതെ.. വരൂ.. ഗാര്‍ഡനില്‍ തന്നെ നില്‍ക്കേണ്ട". ഗാര്‍ഡന്‍...പൂന്തോട്ടം! കോമഡിക്കൊരു കുറവുമില്ല. ഞാന്‍ സംശയിച്ചു അകത്തേക്ക് കയറി. അവിടെ അതാ മറ്റൊരു അവതാരം. തനി കാപ്പിരി, മെലിഞ്ഞുണങ്ങിയ ശരീരം, ചിരി മാത്രം ജേക്കബിന്‍റെതു പോലെ. "ഞാന്‍ ബ്രയന്‍. ജേക്കബിന്‍റെ ചങ്ങാതി". അതെ, ഒരു മരപ്പട്ടിയെ ഞാന്‍ പ്രതീക്ഷിക്കേണ്ടതായിരുന്നു. "ഇന്നലെ ഞങ്ങള്‍ക്കൊരു
ബാര്‍ബെക്യു (1) ഉണ്ടായിരുന്നു". ബ്രയന്‍ന്‍റെ വക മുറ്റത്ത് കണ്ട തൃക്കാക്കരപ്പന് ഒരു അവതാരിക. ഇനി ഞാന്‍ ഞെട്ടില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
പിന്നീടുള്ള അര മണിക്കൂര്‍ നടന്നത് രാവിലെ ടീവിയില്‍ 'പഞ്ചമുഖി രുദ്രാക്ഷം' വില്‍ക്കുന്ന അച്ചാച്ചനെ വെല്ലുന്ന തരത്തിലുള്ള അവതരണം ആയിരുന്നു.
"വരൂ.. ഞാന്‍ വീട് കാണിച്ചു തരാം"..ഞാന്‍ ജേക്കബിന്‍റെ പിന്നാലെ അനുസരണയോടെ നടന്നു.
"ഇത് അടുക്കള. ഈ പാത്രങ്ങളൊക്കെ ഒന്ന് അടുക്കി വെച്ചാല്‍ താങ്കള്‍ക്ക് ആവശ്യമുള്ള സ്ഥലം കിട്ടില്ലേ? പാചകം ഒക്കെ എങ്ങനെ?". ഒരു മൂന്നാം കിട ഹോട്ടലിലെ മുഴുവന്‍ പാത്രങ്ങളും കഴുകാതെ നിരത്തി വെച്ച ഒരു കുഞ്ഞു മുറി. "അതേ.. ഒന്നടുക്കി വെച്ചാല്‍ ഒരു പാടു സ്ഥലം കിട്ടും." കാപ്പിരിയുടെ സര്‍ട്ടിഫിക്കറ്റ്..
"ഞാന്‍ പരസ്യ ബോര്‍ഡുകള്‍ എഴുതുന്ന ഒരു ചെറിയ ബിസിനസ് നടത്തുന്നു. വരൂ കാണിച്ചു തരാം.". ജേക്കബ് പറഞ്ഞു.
"എന്‍റെ മുറി..?". അതിലും യുക്തിപരമായ മറ്റൊരു ചോദ്യം എന്‍റെ മനസ്സില്‍ വന്നില്ല.
"അത് കാണാം. മുകളിലാണ്. ഇത് ഇവിടെ ബെയ്സ്മെന്‍റില്‍ ആണ്. വരൂ.". എന്‍റെ വീട്ടിലെ നെല്ലറയെക്കാളും ചെറിയ, വെളിച്ചം കേറാത്ത ഒരു കുടുസ്സു മുറി. ഒരാള്‍ക്ക് കഷ്ടിച്ച് നിന്ന് പടം വരക്കാം. "രണ്ടു പേരുണ്ട് പരസ്യങ്ങള്‍ എഴുതുന്നവര്‍.." രണ്ടു പേര്‍ഒക്സിജെന്‍ കുറ്റികളുമായി നിന്ന് ചിത്രം വരക്കുന്നത് ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു.
"ഇത് പിന്നാമ്പുറം..". തലേന്ന് പെയ്ത മഴയിലാകണം, ചെളി നിറഞ്ഞ ഒരു പിന്‍ മുറ്റം.. മുറ്റത്തിന്‍റെ വക്കത്ത് ഒരു കോഴിക്കൂട്. ചുറ്റും രണ്ടു കോഴികള്‍. "ഇടക്ക് ഇവിടെ കോഴിമുട്ട ഫ്രീ ആണ്". മുന്‍ വാതില്‍ക്കല്‍ ഞാന്‍ കാത്തു നിന്ന ആ 'യുഘം' അവന്‍ ആ മുട്ടക്കു വേണ്ടി കാത്തു നിന്നതാകാം. എത്ര ഗ്രാമീണമായ അന്തരീക്ഷം. ഞങ്ങള്‍ തിരിച്ചു നടന്നു.
"ഇത് ലിവിംഗ് റൂം". ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍ക്കും, പത്രങ്ങള്‍ക്കും, ചുമരില്‍ നിരത്തി വെച്ചിരിക്കുന്ന അന്‍പതോളം മദ്യക്കുപ്പികള്‍ക്കും ഇടയില്‍ ഒരു സോഫ മാത്രമായിരുന്നു അപ്പറഞ്ഞതിനുള്ള തെളിവ്. അന്‍പതു കുപ്പിയും ഒരേ ബ്രാന്‍ഡ്. "ഞങ്ങള്‍ ഈ ബ്രാന്‍ഡിന്‍റെ ആരാധകര്‍ ആണ്". സോഫയുടെ അടുത്തു ഒരു സെറ്റ് സ്പീക്കറുകളും ഒരു ഡീ ജെ ഡിസ്കും. "ഞാന്‍ ഈ ബേയില്‍ നിന്ന് വാങ്ങിയതാണ്", ജേക്കബ്.
വാരാന്ത്യങ്ങളില്‍ കള്ളുകുടിച്ച് ബഹളമുണ്ടാക്കുന്നത് ആരാണെന്ന് ഊഹിക്കുന്നവര്‍ക്കു സമ്മാനമില്ല. പാവം 'ഹു'വിനെ ഞാന്‍ സംശയിച്ചു പോയല്ലോ.
"വരൂ.. മുകളിലേക്ക് പോകാം.. മുറി കാണാം.". ഇനി സമയം കളയണോ എന്ന് ഒരു നിമിഷം ചിന്തിച്ചെങ്കിലും മര്യാദയുടെ പേരില്‍ ഞാന്‍ ജേക്കബിന്‍റെ പിന്നാലെ മുകളിലെ മുറിയിലേക്ക് നടന്നു. മുറിയില്‍ കയറിയതും അവിടെ ആരോ താമസം ഉണ്ടെന്ന് എനിക്ക്തോന്നി. ഞാനത് ചോദിക്കുന്നതിനു മുമ്പേ ജേക്കബ് പറഞ്ഞു..
"ഇത്.. എന്‍റെ മുറിയാണ്..". "അപ്പോള്‍ എന്‍റെത്"? എന്ന എന്‍റെ പഴയ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചില്ല. യുക്തികള്‍ക്ക് ഇനി പ്രസക്തിയില്ല. കിടക്കയുടെ അരികില്‍ ഒരു വലിയ പ്ലോട്ടെര്‍. ഒരു പിയനോയോളം വരുന്ന, വലിയ ബോര്‍ഡുകള്‍ പ്രിന്റു ചെയ്യാനുപയോഗിക്കുന്ന ഈ യന്ത്രം ഞാന്‍ ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ. അതും ഒരു കിടപ്പു മുറിയില്‍ ഒട്ടും പ്രതീക്ഷിച്ചില്ല. നിലത്തും ചുമരിലും ഉള്ള ചവറുകള്‍ക്കിടയില്‍, ചുമരില്‍ സുന്ദരിയായ ഒരു മദാമ്മ പെണ്‍കുട്ടിയുടെ വലിയ ചിത്രം. "സൂസി..എന്‍റെ ഗേള്‍ ഫ്രണ്ട്. ഈ വീട് അവളുടെയാണ്..". ആ പെണ്‍കുട്ടിയോടുള്ള എന്‍റെ സഹതാപം ഒരു സുനാമിയായി ആ മുറിയിലേക്ക് അലച്ചു കയറി. "ഞാന്‍ ഈ പ്ലോട്ടെര്‍-ല്‍ പ്രിന്റ് ചെയ്തതാണ്..ഇതും ഞാന്‍ ഈ ബേയില്‍ നിന്ന് വാങ്ങിയതാണ്".
"താങ്കള്‍ ഐടി ആണെന്നല്ലേ പറഞ്ഞത്? എന്ത് തരം ലാംഗ്വേജ് ആണ് ഉപയോഗിക്കുന്നത്?".. ശരിയായ ഉത്തരം എന്‍റെ മനസ്സിലേക്ക് വന്നില്ല. മൂന്നാം ക്ലാസ്സില്‍ ബാലന്‍ മാഷ് ചോദ്യങ്ങള്‍ ചോദിക്കുന്നത് എനിക്ക് ഓര്‍മ വന്നു. "അത്.. സീബല്‍ എന്ന ഒരു പാക്കേജ്..ഇത്തിരി ജാവ..".
"കൂള്‍..ഞാന്‍ പീ എച്ച് പീ പ്രോഗ്രാമിംഗ് ചെയ്യുന്നുണ്ട്. പാര്‍ട്ട് ടൈം ആയി.. എനിക്ക് താങ്കളില്‍ നിന്ന് ഒരു പാടു പഠിക്കാമല്ലോ..". എനിക്ക് കരച്ചില്‍ വന്നു. നൂറ്റി ഇരുപതു മൈല്‍ താണ്ടി ഞാനിവിടെ വന്നത് എന്തിനാണെന്ന് ഞാന്‍ മറന്നു പോയി.
"ഇത് 'ഹു' വിന്റെ മുറി..അവന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ല.". എന്‍റെ സങ്കല്‍പ്പത്തിലെ ഹു എന്ന വിദ്യാര്‍ഥി ഭീകരനോട് ഞാന്‍ മാപ്പ് പറഞ്ഞു.
"ഇത് താങ്കളുടെ മുറി. എന്ത് വാടകയാണ് താങ്കള്‍ക്ക് തരാനാകുക?" കുറ്റം പറയാനൊക്കില്ല. നിറയെ വെളിച്ചമുള്ള, ഒഴിഞ്ഞ, ശരാശരി വലിപ്പമുള്ള ഒരു മുറി. ഞാന്‍ പതുക്കെ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വന്നു. ഞാന്‍ എന്ത് പറഞ്ഞാലും അവന്‍ സമ്മതിക്കും
എന്ന് തോന്നിയത് കൊണ്ടു ഞാന്‍ നടപ്പുള്ള ഒരു വാടക പറഞ്ഞു. "ഞാന്‍ ഒന്ന് രണ്ടു വീടുകള്‍ കൂടി കാണുന്നുണ്ട്. ഓഫീസിനടുത്ത്.. എനിക്കീ മുറി വേണമെങ്കില്‍ വൈകുന്നെരത്തിനുള്ളില്‍ ഞാന്‍ തിരിച്ചു വിളിക്കാം". രണ്ടു പേര്‍ക്കും മര്യാദപൂര്‍വം ഉപചാരങ്ങള്‍ പറഞ്ഞു ഞാന്‍ മുന്‍ വാതിലിലേക്ക് നടന്നു.
വാതിലിനടുത്ത് നിന്ന് ജേക്കബ് ചോദിച്ചു "നടന്നു പോകുകയാണോ? വഴി അറിയാമോ?".
"അറിയാം", ഗൂഗിള്‍ മാപ്പില്‍ നിന്നും കിട്ടിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു. "ഈ വഴി ഇത്തിരി നടന്നാല്‍ ബസ് കിട്ടും".
"ഓ..ആ വഴി സാധാരണ ആരും പോകാറില്ല. ഷാഫ്(2) പയ്യന്മാര്‍ ഉള്ള സ്ഥലമാണ്. കത്തിച്ച പടക്കം പോലും എറിയാന്‍ മടിക്കാത്തവരാണ്"
ഞാന്‍ തിരിഞ്ഞു നിന്ന് ഒന്ന് ചിരിച്ചു. ഇടി വെട്ടി പാമ്പ് കടിച്ചു നില്‍ക്കുന്നവനാണ് കത്തിച്ച പടക്കം. "ഒന്ന് പോടേയ്.." എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ പറഞ്ഞു "ബൈ".
ജാക്കറ്റ്‌ന്‍റെ ഹുഡ് കൊണ്ടു തല മൂടി ഞാന്‍ മഴയിലേക്കിറങ്ങി നടന്നു. നടത്തതിനിടയില്‍ ഞാന്‍ ജേക്കബിന്‍റെ നമ്പര്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തു.
(1)ബാര്‍ബെക്യു: സാധാരണ വേനല്‍ക്കാലത് സായിപ്പന്മാര്‍ മുറ്റത്ത് ഇറച്ചി വറുക്കുന്ന കലാ പരിപാടി. ജേക്കബിനും കൂട്ടര്‍ക്കും മഴയത്തും ആകാം.
(2)ഷാഫ് : ജോലിയില്ലാത്ത, ആഭിചാര മര്യാദകള്‍ പാലിക്കാത്ത ഇംഗ്ലീഷ്കാര്‍ക്കുള്ള പേര്. ഇവരില്‍ ചിലര്‍ സാമൂഹ്യ വിരുദ്ധര്‍ ആകാറുണ്ട്. 'chaff'/ചാരം എന്നാണെന്ന് തോന്നുന്നു ഉദ്ദേശിക്കുന്നത്.
വാല്‍ക്കഷ്ണം: ജേക്കബിന്‍റെ ഗുഹയില്‍ നിന്ന് ഞാന്‍ നേരെ പോയത് "ഷേര്‍ളി കയ്പ്രിയനൌ" വിന്റെ പ്രശാന്ത സുന്ദരമായ വീട്ടിലേക്കാണ്. വാടക ഏറ്റവും കൂടിയതായിട്ടും ഞാന്‍ അത് തന്നെ ഉറപ്പിച്ചു. ഇനിയൊരു അങ്കത്തിനു അന്ന് എനിക്ക് കെല്‍പ്പില്ലായിരുന്നു.
പാഠം: പറഞ്ഞാല്‍ കേള്‍ക്കണം. ഇത് താങ്കള്‍ക്ക് പറ്റിയതെല്ലെന്നു ജേക്കബ് തന്നെ എന്നോടു പറഞ്ഞതായിരുന്നു. ആ സന്മനസ്സിനു ഒരു നമോവാകം.